Friday, July 10, 2009

ഗാലക്‌സിഗണത്തിലെ കൂട്ടിയിടി

അഞ്ച്‌ ഗാലക്‌സികള്‍ കൂടിക്കുഴഞ്ഞ്‌ കിടക്കുന്നതാണ്‌ ഈ ദൃശ്യത്തിലേത്‌. 'സ്റ്റീഫന്‍സ്‌ ക്വിന്റെറ്റ്‌' (Stephan's Quintet) എന്നറിയപ്പെടുന്ന അപൂര്‍വ ഗാലക്‌സിഗണം.

1877-ല്‍ എഡ്വേര്‍ഡ്‌ സ്റ്റീഫന്‍ എന്ന ജ്യോതിശ്ശാസ്‌ത്രജ്ഞന്‍ കണ്ടെത്തിയ ഈ അപൂര്‍വ ആകാശക്കാഴ്‌ചയുടെ പുതിയ ദൃശ്യം രൂപപ്പെടുത്തിയത്‌ നാസയുടെ ചന്ദ്ര എക്‌സ്‌റേ ഒബ്‌സര്‍വേറ്ററിയുടെ സഹായത്തോടെ.

ഭൂമിയില്‍ നിന്ന്‌ 28 കോടി പ്രകാശവര്‍ഷം അകലെ സ്ഥിതിചെയ്യുന്ന ഗാലക്‌സിഗണത്തിന്റെ ഈ ദൃശ്യം, ദൃശ്യരൂപത്തിലും എക്‌സ്‌റേ രൂപത്തിലുമുള്ള ചിത്രങ്ങള്‍ സമ്മേളിപ്പിച്ചുണ്ടാക്കിയതാണ്‌.

ഇവയില്‍ NGC 7318b എന്ന ഗാലക്‌സി, ആ ഗാലക്‌സിഗണത്തിന്റെ കേന്ദ്രഭാഗത്തുകൂടി മണിക്കൂറില്‍ ഏതാണ്ട്‌ 32 ലക്ഷം കിലോമീറ്റര്‍ വേഗത്തില്‍ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്‌. ശരിക്കുപറഞ്ഞാല്‍ അസാധാരണമായ ഗാലക്‌സി സംഘട്ടനമാണ്‌ അവിടെ നടക്കുന്നതെന്ന്‌ സാരം.

ആ കൂട്ടിയിടിയുടെ ഫലമായുണ്ടാകുന്ന പ്രകമ്പനത്തിന്റെ ഫലമായി എക്‌സ്‌റേ രൂപത്തില്‍ പുറത്തുവരുന്ന ഊര്‍ജമാണ്‌ ചന്ദ്ര സ്‌പേസ്‌ ടെലിസ്‌കോപ്പ്‌ നിരീക്ഷിച്ചത്‌. (അവലംബം: നാസ).

ആയുസ്സ്‌ നീട്ടാന്‍ ഔഷധം വരുന്നു

ഈസ്‌റ്റര്‍ ദ്വീപിലെ ബാക്ടീരിയത്തില്‍ നിന്ന്‌ രൂപപ്പെടുത്തിയ ഔഷധം നിത്യയൗവനത്തിലേക്കുള്ള കാല്‍വെയ്‌പ്പാകുമോ. വാര്‍ധക്യം വൈദ്യശാസ്‌ത്രത്തിന്‌ കീടങ്ങുമോ.

നിഗൂഢമായ കരിങ്കല്‍ശില്‌പങ്ങളാണ്‌ തെക്കന്‍ ശാന്തസമുദ്രത്തിലെ ഈസ്റ്റര്‍ ദ്വീപുകളെ പ്രശസ്‌തമാക്കുന്നത്‌. എന്നാല്‍, ഭാവിയില്‍ ഒരു ഔഷധത്തിന്റെ പേരിലും ഈ ദ്വീപുകള്‍ പ്രധാന്യം നേടിയേക്കാം. ഈസ്റ്റര്‍ ദ്വീപിലെ ഒരിനം ബാക്ടീരിയത്തില്‍നിന്ന്‌ രൂപപ്പെടുത്തിയ ഔഷധം, സസ്‌തനികളുടെ ആയുസ്സ്‌ നീട്ടാന്‍ സഹായിക്കുമെന്ന്‌ കണ്ടെത്തിയിരിക്കുകയാണ്‌ ഗവേഷകര്‍. വാര്‍ധക്യത്തെ കീഴടക്കാന്‍ നടക്കുന്ന ശ്രമങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ചുവടുവെയ്‌പ്പായേക്കാം ഈ കണ്ടെത്തലെന്ന്‌ വിലയിരുത്തപ്പെടുന്നു.

'റാപാമൈസിന്‍' (rapamycin) എന്ന ഔഷധത്തിന്റെ സഹായത്തോടെ എലികളുടെ ആയുസ്സ്‌ നീട്ടാന്‍ കഴിഞ്ഞതായി 'നേച്ചര്‍' ഗവേഷണവാരിക പറയുന്നു. പ്രായമേറിയ എലികളില്‍ നടത്തിയ പഠനത്തില്‍ അവയുടെ ആയുസ്സ്‌ 38 ശതമാനംവരെ വര്‍ധിപ്പിക്കാന്‍ ഗവേഷകര്‍ക്ക്‌ കഴിഞ്ഞു. ജനിതകസാങ്കേതികവിദ്യ വഴിയും, കലോറിയുടെ അളവ്‌ കുറച്ചും മാത്രമേ ഇതിന്‌ മുമ്പ്‌ എലികളുടെ ആയുസ്സ്‌ നീട്ടാന്‍ സാധിച്ചിട്ടുള്ളു. ഒരു ഫാര്‍മസ്യൂട്ടിക്കല്‍ ഏജന്റിന്റെ സഹായത്തോടെ ഇത്തരമൊരു മുന്നേറ്റം ആദ്യമായാണ്‌.

1970-കളിലാണ്‌ റാപാമൈസിന്‍ എന്ന പ്രകൃതിദത്ത രാസവസ്‌തു ഈസ്റ്റര്‍ ദ്വീപിലെ മണ്ണില്‍നിന്ന്‌ വേര്‍തിരിച്ചെടുത്തത്‌. 'സ്റ്റെപ്‌ടോമൈസസ്‌ ഹൈഗ്രോസ്‌കോപിക്കസ്‌' എന്ന ബാക്ടീരിയം ഉത്‌പാദിപ്പിക്കുന്ന ഈ രാസപദാര്‍ഥം പൂപ്പല്‍ബാധയ്‌ക്കെതിരെയും ശരീരപ്രതിരോധത്തെ അമര്‍ച്ച ചെയ്യാനും നിലവില്‍ ഉപയോഗിക്കുന്ന ഔഷധമാണ്‌. അമേരിക്കയിലെ 'ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ്ഗ്‌ അഡ്‌മിനിസ്‌ട്രേഷന്‍' (എഫ്‌.ഡി.എ) അതിന്‌ അനുമതിയും നല്‍കിയിട്ടുണ്ട്‌. വൃക്കമാറ്റിവെയ്‌ക്കല്‍ പോലുള്ള ഘട്ടങ്ങളില്‍, മാറ്റിവെച്ച അവയവത്തെ ശരീരം തിരസ്‌ക്കരിക്കുന്നത്‌ തടയാനാണ്‌ ഇത്‌ മുഖ്യമായും ഉപയോഗിക്കുന്നത്‌. മാത്രമല്ല, ഈ രാസവസ്‌തുവിന്റെ അര്‍ബുദ പ്രതിരോധശേഷിയെക്കുറിച്ചും പഠനം നടന്നുവരികയാണ്‌. അതിനിടെയാണ്‌, ഇതിന്‌ ആയുസ്സ്‌ നീട്ടാനും ശേഷിയുണ്ടെന്ന്‌ കണ്ടെത്തിയിരിക്കുന്നത്‌.

അകശേരുക്കളു (invertebrates) ടെ ആയുസ്സ്‌ റാപാമൈസിന്റെ സഹായത്തോടെ വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന്‌ മുമ്പ്‌ തന്നെ തെളിഞ്ഞിട്ടുണ്ട്‌. "എന്നാല്‍, അക്കാര്യം സസ്‌തനികളിലും സാധ്യമാണെന്ന കാര്യം തീര്‍ച്ചയായും ആവേശകരമാണ്‌", പഠനത്തില്‍ ഉള്‍പ്പെട്ട ഹാര്‍വാഡ്‌ മെഡിക്കല്‍സ്‌കൂളിലെ ഡേവിഡ്‌ സിന്‍ക്ലേര്‍ അറിയിക്കുന്നു. "ഇനിയൊരു 20 വര്‍ഷം കഴിഞ്ഞ്‌ നമ്മള്‍ തിരിഞ്ഞു നോക്കുമ്പോള്‍, ഭാവിയിലെ ഔഷധം എന്ന നിലയ്‌ക്ക്‌ ഈ പഠനം ഒരു നാഴികക്കല്ലായിരിക്കാം". വാര്‍ധക്യത്തില്‍ ആയുസ്സ്‌ വര്‍ധിപ്പിക്കുന്നു എന്നത്‌ വളരെ ആശാവഹമാണ്‌ സിന്‍ക്ലേര്‍ പറഞ്ഞു.

പുതിയ പഠനത്തില്‍, 20 മാസം പ്രായമുള്ള എലികള്‍ക്ക്‌ (മനുഷ്യന്റെ തോതില്‍ ഇത്‌ 60 വയസ്സിന്‌ തുല്യമാണ്‌) അധികഭക്ഷണമായി റാപാമൈസിന്‍ നല്‍കിയപ്പോള്‍ അവയുടെ ശരാശരി പ്രതീക്ഷിത ആയുസ്സ്‌ 28 മുതല്‍ 36 ശതമാനംവരെ വര്‍ധിച്ചതായി കണ്ടു. ടെക്‌സാസ്‌, മിഷിഗണ്‍, മെയ്‌ന്‍ എന്നിവിടങ്ങളില്‍ മൂന്ന്‌ ഗവേഷകസംഘങ്ങളാണ്‌ വെവ്വേറെ ഈ പഠനം നടത്തിയത്‌. അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ ഏജിങ്‌സ്‌ ഇന്റര്‍വെന്‍ഷന്‍സ്‌ ടെസ്റ്റിങ്‌ പ്രോഗ്രാമി (ഐ.ടി.പി) നായിരുന്നു പഠനങ്ങള്‍ ഏകോപിപ്പിക്കുന്ന ചുമതല.

കലോറി കുറയ്‌ക്കുക വഴി എലികളില്‍ ആയുസ്സ്‌ വര്‍ധിക്കുന്നതായി മുമ്പ്‌ പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്‌. അതേ ബയോകെമിക്കല്‍ സാധ്യത തന്നെയാകണം, റാപാമൈസിന്‍ ഉപയോഗിക്കുമ്പോഴും തുറന്നുകിട്ടുന്നതെന്ന്‌ ഗവേഷകര്‍ അനുമാനിക്കുന്നു. mTOR എന്നറിയപ്പെടുന്ന ഒരു പ്രോട്ടീനിനെ അമര്‍ച്ച ചെയ്യുക വഴിയാണ്‌ റാപോമൈസിന്‍ ആയുസ്സ്‌ വര്‍ധിക്കാന്‍ സഹായിക്കുന്നതെന്ന്‌ കരുതുന്നു. കോശങ്ങളിലെ ഉപാപചയ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രോട്ടീനാണിത്‌. കാര്യങ്ങള്‍ വ്യക്തമാകാന്‍ കൂടുതല്‍ പഠനങ്ങള്‍ വേണ്ടിവരും. ഒരുകാര്യം പഠനത്തില്‍ നിന്ന്‌ ബോധ്യമായി. വാര്‍ധക്യവുമായി ബന്ധപ്പെട്ട മുഖ്യ പ്രശ്‌നങ്ങളായ ഹൃദ്രോഗവും അര്‍ബുദവും ചെറുക്കുക വഴി ലഭിക്കുന്നതിലും അധികം ആയുസ്സ്‌ ഈ രാസവസ്‌തു ഉപയോഗിക്കുക വഴി കിട്ടും.

കഴിഞ്ഞ 35 വര്‍ഷമായി വാര്‍ധക്യം ചെറുക്കാനുള്ള പഠനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള വ്യക്തിയാണ്‌ ബാര്‍ഷോപ്പ്‌ ഇന്‍സ്റ്റിട്ട്യൂട്ടിലെ ഡോ. ആര്‍ലന്‍ റിച്ചാര്‍ഡ്‌സണ്‍. "ആയുസ്സ്‌ വര്‍ധിപ്പിക്കാനുള്ള ഒട്ടേറെ ഔഷധങ്ങള്‍ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്‌. പക്ഷേ ഒന്നുപോലും ഫലം കണ്ടില്ല. എന്റെ ആയുഷ്‌ക്കാലത്ത്‌ അങ്ങനെ ഒന്ന്‌ രംഗത്തെത്തുമെന്നും കരുതിയില്ല. എന്നാല്‍, റാപാമൈസിന്‍ വലിയ പ്രതീക്ഷ നല്‍കുന്നു". വാര്‍ധക്യത്തില്‍ കഴിക്കുന്ന മരുന്നിന്റെ ഫലമായി പ്രായത്തെ ചെറുക്കാമെന്നും ആയുസ്സ്‌ നീട്ടാമെന്നും ഉള്ളതിന്‌ ആദ്യമായാണ്‌ തെളിവ്‌ ലഭിക്കുന്നതെന്ന്‌ യൂണിവേഴ്‌സിറ്റി ഓഫ്‌ ടെക്‌സാസ്‌ ഹെല്‍ത്ത്‌ സയന്‍സ്‌ സെന്ററിലെ പ്രൊഫ. റാന്‍ഡി സ്‌ട്രോങ്‌ പറയുന്നു.

പക്ഷേ, ഒരുകാര്യത്തില്‍ ഗവേഷകര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു. പ്രായം ചെറുക്കം എന്നുകരുതി ആരും റാപാമൈസില്‍ കഴിക്കരുത്‌. കാരണം ഈ മരുന്ന്‌ മനുഷ്യരില്‍ ഫലം ചെയ്യുമോ എന്ന്‌ ഇനിയും വ്യക്തമല്ല. അക്കാര്യം പരീക്ഷിക്കപ്പെട്ടിട്ടില്ല. മാത്രവുമല്ല, പ്രതിരോധസംവിധാനത്തെ അമര്‍ച്ച ചെയ്യാന്‍ ശേഷിയുള്ള ഔഷധമാകയാല്‍ അത്‌ കഴിച്ചാല്‍ രോഗാണുബാധയ്‌ക്കുള്ള സാധ്യത വളരെയേറെ വര്‍ധിക്കുമെന്നും ഗവേഷകര്‍ ഓര്‍മിപ്പിക്കുന്നു.
(അവലംബം: നേച്ചര്‍, ടെക്‌നോളജി റിവ്യു).

Thursday, July 09, 2009

നെപ്‌ട്യൂണിന്റെ കണ്ടുപിടിത്തം-'ഗലീലിയോ സിദ്ധാന്ത'ത്തിന്‌ പഴക്കമേറെ

ആധുനിക വാനനിരീക്ഷണത്തിന്‌ തുടക്കം കുറിച്ച ഗലിലിയോ സൗരയൂഥത്തിലെ എട്ടാംഗ്രഹമായ നെപ്‌ട്യൂണിനെ കണ്ടുപിടിച്ചിരുന്നു എന്ന സിദ്ധാന്തവുമായി ഒരു ഓസ്‌ട്രേലിയന്‍ ഗവേഷകന്‍ രംഗത്തെത്തിയതായി റിപ്പോര്‍ട്ട്‌.

നെപ്‌ട്യൂണിന്റെ ഔദ്യോഗിക കണ്ടുപിടിത്തത്തിന്‌ 234 വര്‍ഷം മുമ്പുതന്നെ ഗലീലിയോ ആ ഗ്രഹത്തെ നിരീക്ഷിച്ചുവെന്നും അക്കാര്യം അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ടെന്നും മെല്‍ബണ്‍ സര്‍വകലാശാലയിലെ പ്രൊഫ. ഡേവിഡ്‌ ജമീസണാണ്‌ കണ്ടെത്തിയത്‌. അദ്ദേഹം ഈ കണ്ടെത്തല്‍ 'ആസ്‌ട്രേലിയന്‍ ഫിസിക്‌സ്‌' ജേര്‍ണലില്‍ പ്രസിദ്ധപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തിരച്ചറിയപ്പെടാത്ത ഒരു നക്ഷത്രത്തെ 1612-ലും 1613-ലും കണ്ടതായി ഗലീലിയോയുടെ നോട്ട്‌ബുക്കുകളില്‍ രേപ്പെടുത്തിയിട്ടുണ്ട്‌. 'നക്ഷത്ര'മെന്ന്‌ ഗലീലിയോ സൂചിപ്പിച്ച ആ ആകാശവസ്‌തു നെപ്‌ട്യൂണ്‍ തന്നെയാണെന്ന്‌ പ്രൊഫ. ജമീസണ്‍ കണ്ടെത്തിയെന്നാണ്‌ വാര്‍ത്ത. ഗലീലിയോയുടെ നോട്ട്‌ബുക്കില്‍ കാണപ്പെടുന്ന നിഗൂഢമായ 'കറുത്തപൊട്ടി'നെ ചുറ്റപ്പറ്റിയുള്ളതാണ്‌ പുതിയ സിദ്ധാന്തം. നെപ്‌ട്യൂണിന്റെ അന്നത്തെ യഥാര്‍ഥ സ്ഥാനം ആ പൊട്ടുകളുടേതുമായി ഒത്തുവരുന്നുണ്ടെന്ന്‌ പഠനം പറയുന്നു.

പുതിയ സിദ്ധാന്തം എന്നു പറഞ്ഞ്‌ ചില പത്രങ്ങളും വെബ്‌സൈറ്റുകളും കഴിഞ്ഞ ദിവസം നല്‍കിയ വാര്‍ത്തയുടെ സാരാംശമാണ്‌ മുകളില്‍ കൊടുത്തത്‌.

ഇനി പഴയൊരു റിപ്പോര്‍ട്ട്‌ പരിഗണിക്കാം.

ഏതാണ്ട്‌ 29 വര്‍ഷംമുമ്പ്‌ (1980 സപ്‌തംബര്‍ 25ന്‌) പ്രശസ്‌ത ഗവേഷണവാരകയായ 'നേച്ചറി'ല്‍ പ്രസിദ്ധീകരിച്ചത്‌. 'ഗലീലിയോയുടെ നെപ്‌ട്യൂണ്‍ നിരീക്ഷണം' എന്ന പേരിലുള്ള ആ ലഘുറിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്‌ കാലിഫോര്‍ണിയ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി (കാല്‍ടെക്‌) ക്ക്‌ കീഴിലുള്ള പലോമര്‍ ഒബ്‌സര്‍വേറ്ററിയിലെ ചാള്‍സ്‌ കൊവലും, ടൊറന്റോ സര്‍വകലാശാലയിലെ ജ്യോതിശ്ശാസ്‌ത്രജ്ഞന്‍ സ്‌റ്റില്‍മാന്‍ ഡ്രേക്കും ചേര്‍ന്ന്‌.

ഗലീലിയോയുടെ നോട്ട്‌ബുക്കുകള്‍ വിശദമായി പഠിച്ചും, അദ്ദേഹത്തിന്റെ കാലത്ത്‌ ആകാശഗോളങ്ങളുടെ സ്ഥാനം എവിടെയായിരുന്നു എന്നകാര്യം ഗണിതപരമായി കണക്കാക്കിയും നടത്തിയ പഠനത്തിന്റെ സംഗ്രഹമായിരുന്നു നേച്ചറിലെ റിപ്പോര്‍ട്ടിലുള്ളത്‌. റിപ്പോര്‍ട്ടിന്റെ സമാപ്‌തി ഇങ്ങനെ-"1612 ഡിസംബര്‍ 28, 1613 ജനവരി 28 എന്നീ ദിവസങ്ങളില്‍ നെപ്‌ട്യൂണിനെ ഗലീലിയോ നിരീക്ഷിച്ചതായി ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. ...നെപ്‌ട്യൂണിന്റെ ചലനവും ഗലീലിയോ നിരീക്ഷിക്കുകയുണ്ടായി".

1999-ല്‍ പുറത്തിറങ്ങിയ 'എസ്സേയ്‌സ്‌ ഓണ്‍ ഗലീലിയോ ആന്‍ഡ്‌ ദി ഹിസ്‌റ്ററി ആന്‍ഡ്‌ ഫിലോസൊഫി ഓഫ്‌ സയന്‍സ്‌' എന്ന ഗ്രന്ഥത്തില്‍, ഗലീലിയോ നെപ്‌ട്യൂണിനെ നിരീക്ഷിച്ചിരുന്നു എന്ന നിഗമനത്തില്‍ ചാള്‍സ്‌ കോവലും താനും എങ്ങനെയാണ്‌ എത്തിയതെന്ന്‌ സ്റ്റില്‍മാന്‍ ഡ്രേക്ക്‌ വിശദീകരിച്ചിട്ടുണ്ട്‌.

അദ്ദേഹം എഴുതുന്നു- "നെപ്‌ട്യൂണിനെ 1612-ല്‍ ഗലീലിയോ നിരീക്ഷിച്ചിരുന്നു. വ്യാഴം മൂലം ഗ്രഹണം സംഭവിച്ചപ്പോഴായിരുന്നു അത്‌. 'നിശ്ചലനക്ഷത്രം' ('fixed star') എന്നാണ്‌ അതിനെ ഗലീലിയോ വിശേഷിപ്പിച്ചത്‌. 1612 ഡിസംബര്‍ 28-ന്‌ പുലര്‍ച്ചെ, ആ 'നക്ഷത്രം' വ്യാഴത്തിന്റെ കിഴക്ക്‌ ഭാഗത്തേക്ക്‌ പ്രത്യക്ഷപ്പെടുന്നത്‌ കണ്ടുവെന്ന്‌ അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നു". 1613 ജനവരി 27-28 രാത്രികളില്‍ ഗലീലിയോ നിരീക്ഷിച്ച രണ്ട്‌ 'നിശ്ചലനക്ഷത്ര'ങ്ങളിലൊന്ന്‌ നെപ്‌ട്യൂണ്‍ ആയിരിക്കാം എന്ന നിഗമനത്തില്‍ തങ്ങള്‍ എത്തിയെന്ന്‌ സ്റ്റില്‍മാന്‍ ഡ്രേക്ക്‌ എഴുതുന്നു.

നെപ്യൂണിനെ തിരിച്ചറിയുന്നതിന്‌ (1846) രണ്ട്‌ നൂറ്റാണ്ട്‌ മുമ്പുതന്നെ ആ ഗ്രഹത്തെ ഗലീലിയോ ഒന്നിലേറെ തവണ നിരീക്ഷിച്ചിരുന്നു എന്ന വസ്‌തുത അതുവഴി സ്ഥാപിച്ചെടുക്കാന്‍ കഴിഞ്ഞു.

1979-ല്‍ എസ്‌. സി. ആല്‍ബേഴ്‌സ്‌ നടത്തിയ കണക്കുകൂട്ടലുകളിലാണ്‌, 1613 കാലത്ത്‌ നെപ്‌ട്യൂണിന്‌ വ്യാഴം മൂലം ഗ്രഹണം സംഭവിച്ചതായി വ്യക്തമായത്‌. അതിന്റെ അടിസ്ഥാനത്തിലായിരുന്നു കോവലിന്റെയും ഡ്രേക്കിന്റെയും പഠനം.

സംഗതികള്‍ ഇങ്ങനെയെങ്കില്‍ നെപ്‌ട്യൂണ്‍ കണ്ടുപിടിച്ചതിന്റെ ക്രെഡിറ്റ്‌ ഗലീലിയോയ്‌ക്ക്‌ നല്‍കേണ്ടതല്ലേ. പിന്നെ എന്തുകൊണ്ട്‌ 1846-ല്‍ ഫ്രഞ്ചുകാരനായ ഉര്‍ബിന്‍ ജെ.ജെ.ലെവെരിയര്‍, ഇംഗ്ലീഷുകരനായ ജോണ്‍ കൗച്ച്‌ ആദംസ്‌ എന്നിവര്‍ വെവ്വേറെ നിലയില്‍ നെപ്‌ട്യൂണ്‍ കണ്ടുപിടിച്ചു എന്ന്‌ അംഗീകരിക്കപ്പെട്ടിരിക്കുന്നു.

നെപ്‌ട്യൂണ്‍ സൗരയൂഥത്തിലെ അംഗമാണെന്ന്‌ തിരിച്ചറിയാനോ, അതിന്റെ വിചിത്രമായ ഭ്രമണപഥം ഗണിച്ചെടുക്കാനോ ഗലീലിയയ്‌ക്ക്‌ കഴിഞ്ഞല്ല എന്നതാണ്‌ ഇതിന്‌ കാരണം. (അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍, ഏഴാമത്തെ ഗ്രഹത്തിന്‌ മുമ്പ്‌ എട്ടാംഗ്രഹം കണ്ടെത്തുകയെന്ന 'അത്യാഹിതം' നടക്കുമായിരുന്നു).

ഗലീലിയോ മാത്രമല്ല, പിന്നീട്‌ രണ്ട്‌ നൂറ്റാണ്ടുകാലം പല വാനശാസ്‌ത്രജ്ഞരും നെപ്‌ട്യൂണിനെ നിരീക്ഷിച്ചെങ്കിലും നിജസ്ഥിതി മനസിലാക്കുന്നതില്‍ വിജയിച്ചില്ല. ഫ്രഞ്ച്‌ വാനശാസ്‌ത്രജ്ഞന്‍ ലാലന്‍ഡി (1795), ഇംഗ്ലീഷുകാരനായ ജോണ്‍ ഹെര്‍ഷല്‍ (1830) എന്നിവര്‍ ഗലീലിയോയ്‌ക്ക്‌ ശേഷം നെപ്‌ട്യൂണിനെ നിരീക്ഷിച്ചവരാണ്‌. 1846-ല്‍ നെപ്‌ട്യൂണ്‍ കണ്ടുപിടിക്കുന്നതിന്‌ ഏതാനും ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ സ്‌കോട്ടിഷ്‌ വാനശാസ്‌ത്രജ്ഞന്‍ വോണ്‍ ലമോന്റും ആ ആകാശഗോളത്തെ നിരീക്ഷിച്ചിരുന്നു.

മറ്റ്‌ ഗ്രഹങ്ങളെ നിരീക്ഷണം വഴിയാണ്‌ കണ്ടെത്തിയതെങ്കില്‍, നെപ്‌ട്യൂണിനെ ഗണിതപ്രവചനത്തിന്റെ അടിസ്ഥാനത്തിലാണ്‌ തിരിച്ചറിഞ്ഞത്‌. കാരണം അത്രയും വിചിത്രമാണ്‌ ഇതിന്റെ ഭ്രമണപഥം. ലെവെരിയറും കൗച്ച്‌ ആദംസും നെപ്‌ട്യൂണിന്റെ സ്ഥാനം ഗണിതപരമായി പ്രവചിച്ച സ്ഥാനത്ത്‌ 1846 സപ്‌തംബര്‍ 23-ന്‌ അതിനെ കണ്ടെത്തി.

നെപ്‌ട്യൂണിന്‌ ഒരു തവണ സൂര്യനെ പരിക്രമണം ചെയ്യാന്‍ 165 വര്‍ഷം വേണം. 1846-ല്‍ കണ്ടുപിടിച്ച ശേഷം ആ ഗ്രഹം ഇതുവരെ ഒരു പരിക്രമണം പൂര്‍ത്തിയാക്കിയിട്ടില്ല. 2011 ജൂലായ്‌ 12 ആകണം അത്‌ സംഭവിക്കാന്‍.

വിചിത്രമായ ഭ്രമണപഥം മൂലം ചില കാലയളവില്‍ നെപ്‌ട്യൂണ്‍ സൗരയൂഥത്തിലെ ഏഴാമത്തെ ഗ്രഹത്തെയും കടന്ന്‌ ഇപ്പുറത്തെത്തും. ചില സമയങ്ങളില്‍, മുമ്പ്‌ ഒന്‍പതാംഗ്രഹം എന്ന്‌ കണക്കാക്കിയിരുന്ന പ്ലൂട്ടോയുടെ ഭ്രമണപഥവും കടന്ന്‌ അപ്പുറത്ത്‌ പോകും. 1980-കളിലും 1990-കളിലും പ്ലൂട്ടോയ്‌ക്കും അപ്പുറത്തായിരുന്നു നെപ്‌ട്യൂണിന്റെ സ്ഥാനം. 1999 ഫിബ്രവരി 11-നാണ്‌ വിണ്ടും അത്‌ പ്ലൂട്ടോയ്‌ക്കിപ്പുറം എത്തിയത്‌. 228 വര്‍ഷം ഇനി മറുകണ്ടം ചാടില്ല!

വസ്‌തുതകള്‍ ഇതായിരിക്കെ, നെപ്‌ട്യൂണിനെ ഗലീലിയോ ആണ്‌ കണ്ടുപിടിച്ചത്‌ എന്ന പുതിയ സിദ്ധാന്തവുമായി ഒരാള്‍ മുന്നോട്ട്‌ വരാന്‍ എന്താവാം കാരണം. താന്റെ 'സിദ്ധാന്തം' മുപ്പത്‌ വര്‍ഷം മുമ്പേ തെളിയിക്കപ്പെട്ട കാര്യമാണെന്ന്‌ പ്രൊഫ. ജാമീസന്‌ അറയാതെ വരുമോ.

അങ്ങനെയാകാന്‍ തരമില്ല. യഥാര്‍ഥത്തില്‍ ഇതൊരു പുതിയ സിദ്ധാന്തം എന്നത്‌ പ്രൊഫ. ജാമീസന്റെ അവകാശവാദമാകാന്‍ വഴിയില്ല.

ഇതുസംബന്ധിച്ച്‌ വന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂക്ഷിച്ചു വായിച്ചാല്‍ മനസിലാകുന്ന കാര്യം, റിപ്പോര്‍ട്ട്‌ ചെയ്‌ത ലേഖകനാണ്‌ അതൊരു പുതിയ സിദ്ധാന്തമെന്ന്‌ തോന്നയത്‌ എന്നാണ്‌. കാരണം, റിപ്പോര്‍ട്ടിനുള്ളില്‍ പ്രൊഫ. ജാമീസണ്‍ പറയുന്ന വാചകം റിപ്പോര്‍ട്ടര്‍ ഉദ്ധരിച്ചിട്ടുണ്ട്‌, കാണുക."ഗലീലിയോ നെപ്‌ട്യൂണിനെ നിരീക്ഷിക്കുകയുണ്ടായി എന്നകാര്യം പതിറ്റാണ്ടുകളായി അറിയാവുന്ന വസ്‌തുതയാണ്‌".

തങ്ങള്‍ നടത്തിയ കമ്പ്യൂട്ടര്‍ മാതൃകാപഠനത്തില്‍, ഗലീലിയോ ആ മങ്ങിയ നക്ഷത്രത്തെ നിരീക്ഷിച്ച സ്ഥാനത്ത്‌ തന്നെയായിരുന്നു അക്കാലത്ത്‌ നെപ്‌ട്യൂണിന്റെ സ്ഥാനം എന്ന്‌ വ്യക്തമായി എന്നാണ്‌ പ്രൊഫ. ജാമീസന്‍ പറയുന്നത്‌. എന്നുവെച്ചാല്‍, 1979-ല്‍ എസ്‌. സി. ആല്‍ബേഴ്‌സ്‌ നടത്തിയ കണക്കുകൂട്ടലുകളോട്‌ സമാനമായ പഠനമാണ്‌ ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ നടത്തിയതെന്ന്‌ സാരം. പുതിയ സിദ്ധാന്തം മെനയുകയല്ല, പഴയൊരു പഠനഫലത്തെ പുഷ്ടിപ്പെടുത്തുക മാത്രമേ പ്രൊഫ. ജാമീസണും കൂട്ടരും ചെയ്‌തിട്ടുള്ളു.

400 വര്‍ഷംമുമ്പ്‌ ടെലിസ്‌കോപ്‌ ഉപയോഗിച്ച്‌ ഗലീലിയോ നടത്തിയ വാനനിരീക്ഷണമാണ്‌ ആധുനിക ജ്യോതിശ്ശാസ്‌ത്രത്തിന്‌ അടിത്തറയിട്ടത്‌. ലോകമിപ്പോള്‍ ആ വാര്‍ഷികം ആഘോഷിക്കുകയാണ്‌; 2009-നെ അന്താരാഷ്ട്ര ജ്യോതിശ്ശാസ്‌ത്രവര്‍ഷമായി പ്രഖ്യാപിച്ചുകൊണ്ട്‌.

ഈ അവസരത്തില്‍ ഗലീലിയോ എന്ന മഹാപ്രതിഭ ഒന്നുകൂടി ചര്‍ച്ചയാകാന്‍ ഓസ്‌ട്രേലിയന്‍ ഗവേഷകരുടെ പഠനം വഴിവെച്ചത്‌ നല്ലകാര്യം തന്നെയാണ്‌.

(അവലംബം: (1) Nature, 25 September 1980; (2) Essays on Galileo and the history and philosophy of sciences (1999), by Stillman Drake, Noel Swerdlow, Trevor Harvey; (3) The Planet Observer's Handbook (2000), by Fred William Price; (4) space.com; (5) News Agencies).

കാണുക

Tuesday, July 07, 2009

രതിക്ക്‌ കാരണം പരാന്നഭോജികളോ

എന്താണ്‌ സെക്‌സിനുള്ള മഹത്വം? ഒട്ടേറെ കാര്യങ്ങള്‍ ഇതെപ്പറ്റി പറയാനുണ്ടാകും. പക്ഷേ, പരിണാമശാസ്‌ത്രത്തിന്റെ ഭാഗത്തു നിന്നാകുമ്പോള്‍ തീരെ പ്രതീക്ഷിക്കാത്ത ഉത്തരമാണ്‌ ഇക്കാര്യത്തില്‍ ലഭിക്കുക. പാരസൈറ്റുകളോ (പരാന്നഭോജികള്‍)ടുള്ള പ്രതിരോധത്തിന്റെ ഭാഗമായി രൂപപ്പെട്ടതാകാം രതിയെന്ന്‌, ജൂലായ്‌ ലക്കം 'അമേരിക്കന്‍ നാച്ചുറലിസ്റ്റി'ലെ റിപ്പോര്‍ട്ട്‌ പറയുന്നു.

ജീവശാസ്‌ത്രത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒന്നാണ്‌ സെക്‌സും പ്രത്യുത്‌പാദനവും. പരിണാമത്തിന്റെ കാര്യത്തില്‍ പക്ഷേ, സെക്‌സ്‌ ഇന്നും നിഗൂഢതയാണ്‌. എന്തുകൊണ്ട്‌ സെക്‌സ്‌ എന്ന ചോദ്യത്തിന്‌ കൃത്യമായ ഉത്തരം ലഭ്യമല്ല എന്നതു തന്നെ കാരണം.

പ്രത്യുത്‌പാദനത്തിന്‌ പ്രകൃതിയില്‍ രണ്ടുതരം പ്രക്രിയകളുണ്ട്‌; ലൈംഗീകവും അലൈംഗീകവും. ലൈംഗീകബന്ധം കൂടാതെ അടുത്ത തലമുറയ്‌ക്ക്‌ ജന്മം നല്‍കുന്ന രീതിയാണ്‌ അലൈംഗീക പ്രജനനം. സൂക്ഷ്‌മജീവികള്‍, ഒട്ടേറെ സസ്യങ്ങള്‍, ചിലയിനം ഇഴജന്തുക്കള്‍ ഒക്കെ ഈ രീതിയാണ്‌ അവലംബിക്കാറ്‌. ഇത്തരം ജീവികളില്‍ ഓരോ അംഗത്തിനും അടുത്ത തലമുറയ്‌ക്ക്‌ സ്വന്തംനിലയ്‌ക്ക്‌ രൂപം നല്‍കാം. ലൈംഗീക പ്രജനനത്തില്‍ അത്‌ നടക്കില്ല. ആണും പെണ്ണും ചേരണം അടുത്ത തലമുറ രൂപമെടുക്കാന്‍.

അലൈംഗീക പ്രജനനത്തില്‍ രണ്ട്‌ അംഗങ്ങള്‍ക്ക്‌ തങ്ങളുടേതായ നിലയില്‍ രണ്ട്‌ തലമുറകള്‍ക്ക്‌ രൂപം നല്‍കാം. എന്നാല്‍, ലൈംഗീക പ്രജനനത്തിന്റെ കാര്യമാകുമ്പോള്‍ രണ്ട്‌ അംഗങ്ങള്‍ ചേര്‍ന്നേ ഒരു തലമുറ ജന്മമെടുക്കൂ. ഈ അര്‍ഥത്തില്‍ അലൈംഗീക പ്രക്രിയയ്‌ക്ക്‌ ഉത്‌പാദനക്ഷമത ഇരട്ടിയാണ്‌. അതിനാല്‍, ഒരര്‍ഥത്തില്‍ അലൈംഗീക പ്രജനനമാണ്‌ സൗകര്യം, ലാഭകരവും.

പിന്നെ എന്തുകൊണ്ട്‌ ലൈംഗീകത?

ഒരു പ്രബലനിഗമനം ഇതാണ്‌. അലൈംഗീകജീവികള്‍ പാരസൈറ്റുകള്‍ക്ക്‌ എളുപ്പം ഇരയാകും. അതൊഴിവാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ്‌ പരിണാമ പ്രക്രിയയില്‍ ലൈംഗീകത സ്ഥാനം പിടിച്ചത്‌.

അതെങ്ങനെയെന്ന്‌ നോക്കാം. അലൈംഗീകജീവികളുടെ ശരിക്കുള്ള ജനിതക പകര്‍പ്പുകള്‍ (ക്ലോണുകള്‍) ആയിരിക്കും അവയുടെ സന്താനങ്ങള്‍. ഓരോ ക്ലോണിലും ഒരേ ജീനുകള്‍ തന്നെയാകും ഉള്ളത്‌. പാരസൈറ്റുകള്‍ക്ക്‌ ആക്രമിക്കാന്‍ പാകത്തിലുള്ള ജനിതക പിഴവുകളും സമാനമായിരിക്കും. ഇത്തരം പിഴവുകള്‍ മുതലാക്കാന്‍ കഴിവുള്ള ഒരു പാരസൈറ്റ്‌ രൂപമെടുത്താല്‍, അതിന്‌ ആ വര്‍ഗത്തെ തന്നെ ഒന്നോടെ ഉന്‍മൂലനം ചെയ്യാനാകും.

അതേസമയം, ലൈംഗീക ജീവികളില്‍ മാതാവിന്റെയും പിതാവിന്റെയും ജീനുകള്‍ കൂടിക്കലര്‍ന്നാണ്‌ സന്തതികള്‍ രൂപമെടുക്കുക. ഓരോ സന്തതിയും ജനിതകമായി വ്യത്യസ്‌തമായിരിക്കും. അതിനാല്‍, ഒരു പാരസൈറ്റ്‌ വിചാരിച്ചാല്‍ ആ വര്‍ഗത്തെ ഒന്നോടെ ഉന്‍മൂലനം ചെയ്യാനാകില്ല, ഏതാനും അംഗങ്ങളെ മാത്രമേ കഴിയൂ.

ഈ നിഗമനം ഗണിതപരമായി ശരിയാണ്‌. എന്നാല്‍, പ്രകൃതിയിലെ സ്ഥിതിയോ?

ഇതറിയാന്‍ ന്യൂസിലന്‍ഡിലെ ശുദ്ധജല തടാകങ്ങളില്‍ സാധാരണയായി കാണപ്പെടുന്ന 'പൊട്ടമോപൈര്‍ഗുസ്‌ ആന്റിപോഡാറം' (Potamopyrgus antipodarum) എന്നയിനം ഒച്ചുകളെ ഗവേഷകര്‍ 1994 മുതല്‍ നിരീക്ഷിച്ചു. ലൈംഗീകമായും അലൈംഗീകമായും പ്രജനനം നടത്തുന്ന ജീവികള്‍ എന്നതാണ്‌ ഈ ഒച്ചുകളുടെ പ്രത്യേകത.

പരിണാമശാസ്‌ത്രത്തിലെ രതിയെ സംബന്ധിച്ച നിഗമനം ശരിയാണോ എന്ന്‌ പരിശോധിക്കാന്‍ ഈ ജീവികളുടെ പ്രത്യേകത സഹായകമായി. സ്വിസ്സ്‌ ഫെഡറല്‍ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജിയിലെ ജുക്ക ജൊകേല ഉള്‍പ്പെട്ട അന്താരാഷ്ട്രസംഘമാണ്‌ പഠനം നടത്തിയത്‌. ഇരുവിഭാഗം ഒച്ചുകളുടെയും എണ്ണം, ഓരോ വിഭാഗത്തെയും പാരസൈറ്റുകള്‍ ബാധിക്കുന്നതിന്റെ തോത്‌ തുടങ്ങിയവയാണ്‌ പഠനവിധേയമാക്കിയത്‌.

പഠനം തുടങ്ങിയ കാലത്ത്‌ അലൈംഗീക പ്രക്രിയ വഴിയുണ്ടായ ക്ലോണുകള്‍ ധാരാളമുണ്ടായിരുന്നു. എന്നാല്‍, പാരസൈറ്റ്‌ ബാധ ആരംഭിച്ചതോടെ അവയുടെ സംഖ്യ ഗണ്യമായി കുറയാനാരംഭിച്ചതായി ഗവേഷകര്‍ കണ്ടു. ചില ക്ലോണ്‍ തായ്‌വഴികള്‍ തീര്‍ത്തും ഇല്ലാതായി. അതേസമയം, ലൈംഗീക പ്രക്രിയയിലേര്‍പ്പെടുന്ന ഒച്ചുകളുടെ എണ്ണം എല്ലാക്കാലത്തും ഏതാണ്ട്‌ സ്ഥിരമായി നിലനിന്നു.

പരിണാമശാസ്‌ത്രത്തിലെ പാരസൈറ്റ്‌ സിദ്ധാന്തം പ്രവചിക്കുന്ന അതേ പാറ്റേണില്‍ തന്നെയാണ്‌ കാര്യങ്ങള്‍ എന്ന്‌ ഈ പഠനം വ്യക്തമാക്കുന്നതായി ഗവേഷകര്‍ പറയുന്നു. "പാരസൈറ്റുകള്‍ സുലഭമായുള്ള പരിസ്ഥിതികളില്‍ ലൈംഗീക പ്രജനനം, പരിണാമപരമായി മേല്‍കൈ നേടുന്നു എന്നാണ്‌ പഠനഫലം തെളിയിക്കുന്നത്‌"-ജൊകേല പറയുന്നു.

രതിയുടെ ആനന്ദത്തിന്‌ നമ്മള്‍ കടപ്പെട്ടിരിക്കുന്നത്‌ പാരസൈറ്റുകളോടാണ്‌ (അവ അത്ര നല്ല പുള്ളികളല്ലെങ്കിലും) എന്നുസാരം.
(അവലംബം: അമേരിക്കന്‍ നാച്ചുറലിസ്‌റ്റ്‌)

കാണുക

Monday, July 06, 2009

കണികാപരീക്ഷണം: ഗ്രിഡ്‌ റെഡി

ഭൂമുഖത്തെ ഏറ്റവും വലിയ കണികാപരീക്ഷണം പുറത്തുവിടുന്ന അതിഭീമമായ വിവരങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കമ്പ്യൂട്ടിങ്‌ ഗ്രിഡ്‌ പൂര്‍ണസജ്ജമായി. ജനീവയില്‍ സ്ഥാപിച്ചിട്ടുള്ള 'ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡറി' (എല്‍.എച്ച്‌.സി) ലാണ്‌ ഒക്ടോബറില്‍ കണികാപരീക്ഷണം പുനരാരംഭിക്കുക. ഇന്നുവരെ ഒരു സംരംഭത്തിലും കൈകാര്യം ചെയ്‌തിട്ടില്ലാത്തത്ര ഭീമമായ തോതിലുള്ള ഡേറ്റയാണ്‌ ഇതുവഴി പുറത്തുവരിക. അത്‌ കൈകാര്യം ചെയ്യേണ്ടത്‌ 'എല്‍.എച്ച്‌.സി. കമ്പ്യൂട്ടിങ്‌ ഗ്രിഡ്‌' എന്നറിയപ്പെടുന്ന കമ്പ്യൂട്ടര്‍ ശൃംഗലയാണ്‌.

33 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 140 കമ്പ്യൂട്ടര്‍ കേന്ദ്രങ്ങളെ കോര്‍ത്തിണക്കിയാണ്‌ ഈ ഗ്രിഡിന്‌ രൂപം നല്‍കിയിട്ടുള്ളത്‌. പ്രത്യേക ഓപ്‌ടിക്കല്‍ കേബിളുകള്‍ വഴി വന്‍തോതില്‍ വിവരവിനിമയം സാധ്യമാക്കുകയാണ്‌ ചെയ്യുക. ഇന്റര്‍നെറ്റില്‍ വേള്‍ഡ്‌ വൈഡ്‌ വെബ്ബിന്റെ സഹായത്തോടെ കമ്പ്യൂട്ടര്‍ ഫയലുകളാണ്‌ പങ്കുവെയ്‌ക്കപ്പെടുന്നതെങ്കില്‍, ഗ്രിഡില്‍ കമ്പ്യൂര്‍ശേഷി (കമ്പ്യൂട്ടര്‍ പവര്‍) ആണ്‌ പങ്കുവെയ്‌ക്കപ്പെടുന്നത്‌. എല്‍.എച്ച്‌.സി.യുടെ മേല്‍നോട്ടം വഹിക്കുന്ന യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച്‌ (സേണ്‍-CERN) തന്നെയാണ്‌, ഈ കമ്പ്യൂട്ടര്‍ ഗ്രിഡിന്റെയും നിയന്ത്രണം കൈയാളുന്നത്‌.

വന്‍തോതില്‍ ഡേറ്റ കൈകാര്യം ചെയ്യാന്‍ എല്‍.എച്ച്‌.സി. ഗ്രിഡിന്‌ കഴിയുമോ എന്നറിയാനുള്ള പരീക്ഷണം ജൂലായ്‌ക്ക്‌ മുമ്പ്‌ രണ്ടാഴ്‌ചകാലമാണ്‌ നടന്നത്‌. 'സ്‌കേല്‍ ടെസ്റ്റിങ്‌ ഫോര്‍ ദ എക്‌സ്‌പെരിമെന്റ്‌ പ്രോഗ്രാം'09 (STEP'09) എന്ന പേരിലുള്ള പരീക്ഷണം വിജയമായിരുന്നുവെന്നും കണികാപരീക്ഷണത്തിന്‌ ഗ്രിഡ്‌ സജ്ജമായിക്കഴിഞ്ഞെന്നും, എല്‍.എച്ച്‌.സി. കമ്പ്യൂട്ടിങ്‌ ഗ്രിഡ്‌ പദ്ധതിയുടെ മേധാവി ഇയാന്‍ ബേഡ്‌ അറിയിച്ചു. പരീക്ഷണത്തിന്റെ ഭാഗമായി ഗ്രിഡിനെ തകര്‍ക്കാന്‍ സേണ്‍ ശ്രമിച്ചെങ്കിലും അത്‌ വിജയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡറിലെ പ്രധാന പരീക്ഷണങ്ങളിലൊന്നായ 'അത്‌ലസി' (ATLAS)സില്‍ നിന്ന്‌ മാത്രം, സെക്കന്‍ഡില്‍ ആറ്‌ ഗിഗാബൈറ്റ്‌സ്‌ (6GB) എന്ന കണക്കിന്‌ ഡേറ്റ പ്രളയമുണ്ടാകും. അത്‌ വളരെ നാളത്തേക്ക്‌ സംഭവിക്കുകയും ചെയ്യും. സെക്കന്‍ഡില്‍ ഒരു ഡി.വി.ഡി. വീതം നിറയുന്നത്ര ഡേറ്റയാണിത്‌. ഇതുവെച്ച്‌ കണക്കാക്കിയാല്‍ ഹാഡ്രോണ്‍ കൊളൈഡറിന്റെ പൂര്‍ണതോതിലുള്ള പ്രവര്‍ത്തനം എത്രമാത്രം വിവരങ്ങള്‍ പുറത്തുവിടുമെന്ന്‌ ഊഹിക്കാവുന്നതേയുള്ളു.

അതിനാല്‍ ഇത്ര ഭീമമായ അളവിലുണ്ടാകുന്ന വിവരങ്ങള്‍ വിനിമയം ചെയ്യാനും വിശകലനം ചെയ്യാനും നിലവിലുള്ള കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ക്കൊന്നും കഴിയില്ല എന്ന തിരിച്ചറിവാണ്‌ ലോകവ്യാപകമായി ഒരു ഗ്രിഡിന്‌ രൂപംനല്‍കാന്‍ സേണിനെ പ്രേരിപ്പിച്ചത്‌. 2008 സപ്‌തംബര്‍ പത്തിനാണ്‌ ഹാഡ്രോണ്‍ കൊളൈഡര്‍ പ്രവര്‍ത്തനം ആരംഭിച്ചതെങ്കിലും, ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള ആ യന്ത്രത്തിലെ അതിചാലക കാന്തങ്ങളിലൊന്നിന്‌ തകരാര്‍ പറ്റിയതിനാല്‍ പ്രവര്‍ത്തനം തുടരാനായില്ല. കേടുതീര്‍ക്കുന്ന പ്രവര്‍ത്തനം തുടരുകയാണ്‌. പുതിയ വിവരം അനുസരിച്ച്‌ അടുത്ത ഒക്ടോബറില്‍ കണികാപരീക്ഷണം പുനരാരംഭിക്കും.
(കടപ്പാട്‌: ZDNet UK)

Sunday, July 05, 2009

വിസ്‌മൃതിയിലേക്ക്‌ നീങ്ങുന്ന ജീവികള്‍

ഒരു ജീവി അന്യംനില്‍ക്കുക എന്നുപറഞ്ഞാല്‍ ലോകം അത്രയും ദരിദ്രമാകുന്നു എന്നാണര്‍ഥം. പ്രകൃതിയ്‌ക്കുമേലുള്ള പരിക്കുകകള്‍ ഏറുന്നതിന്റെ പ്രത്യക്ഷലക്ഷണമാണത്‌. ആഗോളതലത്തില്‍ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടും, ജീവിവര്‍ഗങ്ങള്‍ നേരിടുന്ന വംശനാശഭീഷണിക്ക്‌ ശമനമില്ല എന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

ജൈവവൈവിധ്യത്തിനുണ്ടാകുന്ന ക്ഷയം 2010 ആകുമ്പോഴേക്കും പരിമിതപ്പെടുത്തുമെന്ന ലോകരാഷ്ട്രങ്ങളുടെ പ്രഖ്യാപനം കാര്യമായ ഫലം ചെയ്‌തിട്ടില്ലെന്ന്‌ 'അന്താരാഷ്ട്ര പ്രകൃതിസംരക്ഷണ യൂണിയന്‍' (ഐ.യു.സി.എന്‍) പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു. ഉഭയജീവികളില്‍ മൂന്നിലൊന്നും സസ്‌തനികളില്‍ നാലിലൊന്ന്‌ ഭാഗവും പക്ഷിയിനങ്ങളില്‍ എട്ടിലൊന്നും കടുത്ത ഉന്‍മൂലന ഭീഷണി നേരിടുന്നു എന്ന്‌ റിപ്പോര്‍ട്ട്‌ മുന്നറിയിപ്പ്‌ നല്‍കുന്നു. ഐ.യു.സി.എന്‍. ചുവപ്പ്‌ പട്ടിക (IUCN Red List) യിലുള്ള 44,838 ജീവിവര്‍ഗങ്ങളുടെ സ്ഥിതി അവലോകനം ചെയ്‌താണ്‌ ഇത്തരമൊരു നിഗമനത്തിലെത്തിയിട്ടുള്ളത്‌.

യു.എന്നിന്‌ കീഴില്‍ 1993-ല്‍ നിലവില്‍ വന്ന 'കണ്‍വെന്‍ഷന്‍ ഫോര്‍ ബയോളജിക്കല്‍ ഡൈവേഴ്‌സിറ്റി' (സി.ബി.ഡി) യാണ്‌, ജൈവവൈവിധ്യം നേരിടുന്ന ഭീഷണിക്കെതിരെ ലോകരാഷ്ട്രങ്ങളെ ഒരേ കുടക്കീഴില്‍ അണിനിരത്തുന്നത്‌. 168 രാഷ്ട്രങ്ങള്‍ ഒപ്പുവെച്ച ഈ കരാര്‍ ലക്ഷ്യമിടുന്നത്‌, 'അന്താരാഷ്ട്ര, ദേശീയ, പ്രാദേശിക തലങ്ങളില്‍ ജൈവവൈവിധ്യത്തിന്‌ സംഭവിക്കുന്ന ശോഷണം 2010 ആകുമ്പോഴേക്കും ഗണ്യമായി കുറയ്‌ക്കുക'യെന്നാണ്‌. എന്നാല്‍, ഈ പ്രഖ്യാപനം കടലാസിലൊതുങ്ങുമെന്ന്‌ ഐ.യു.സി.എന്‍. പറയുന്നു. ഐ.യു.സി.എന്‍. സ്‌പീഷിസ്‌ പ്രോഗ്രാം ഉപമേധാവി ജീന്‍-ക്രിസ്റ്റഫെ വീയുടെ അഭിപ്രായത്തില്‍, "വന്യജീവികളുടെ പ്രതിസന്ധി" നിലവില്‍ ലോകം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെക്കാളും വളരെ രൂക്ഷമാണ്‌. സസ്യങ്ങളും ജീവികളുമായി 16,928 വര്‍ഗങ്ങള്‍ കടുത്ത വംശനാശ ഭീഷണിയിലെന്നാണ്‌ ഐ.യു.സി.എന്നിന്റെ കണക്ക്‌. ഏറ്റവുമധികം ഭീഷണി നേരിടുന്ന പത്ത്‌ ജീവികളെ ഇവിടെ പരിചയപ്പെടുക. ഇവ ഇല്ലാത്ത ഭൂമി എത്ര ദരിദ്രമായിരിക്കും എന്ന്‌ ചിന്തിച്ചു നോക്കുക.

1. ജാവന്‍ കാണ്ടാമൃഗം (Javan Rhinoceros)
(മുകളില്‍ നല്‍കിയിരിക്കുന്ന ചിത്രം കാണുക). ഇന്‍ഡൊനീഷ്യയിലും വിയ്‌റ്റ്‌നാമിലുമാണ്‌ ഇവ കാണപ്പെടുന്നത്‌. ഇപ്പോള്‍ അവശേഷിച്ചിട്ടുള്ളത്‌ വെറും 60-ല്‍ താഴെ എണ്ണം മാത്രം. ഒരുപക്ഷേ, വലിയ സസ്‌തനികളില്‍ ലോകത്തേറ്റവുമധികം ഭീഷണി നേരിടുന്ന ജീവിയാണിത്‌. വേട്ടയും വനനാശവുമാണ്‌ ഇവയെ നിലനില്‍പ്പിന്റെ വക്കിലേക്ക്‌ തള്ളിവിട്ടത്‌.

2. വാക്വിറ്റ (Vaquita)
കാലിഫോര്‍ണിയ ഉള്‍ക്കടലില്‍ കാണപ്പെടുന്ന ഡോള്‍ഫിന്‍ പോലൊരു ജലജീവിയാണിത്‌. 'വാക്വിറ്റ'യെന്നാല്‍ സ്‌പാനിഷില്‍ 'ചെറിയ പശു' എന്നാണര്‍ഥം. ഇപ്പോള്‍ അവശേഷിച്ചിട്ടുള്ളത്‌ 200 മുതല്‍ 300 എണ്ണം വരെ. ചെറിയൊരു പ്രദേശത്ത്‌ മാത്രം കാണപ്പെടുന്ന ഇവ മത്സ്യബന്ധന വലകളില്‍ കുടുങ്ങി ചാവുന്നു.

3. ക്രോസ്‌ റിവര്‍ ഗൊറില്ല (Cross River Gorilla)
ആഫ്രിക്കയില്‍ നൈജീരിയ, കാമറൂണ്‍ എന്നിവിടങ്ങളിലാണ്‌ ഇത്തരം ഗൊറില്ലകള്‍ കാണപ്പെടുന്നത്‌. ഇനി അവശേഷിച്ചിട്ടുള്ളവയുടെ സംഖ്യ 300-ല്‍ താഴ മാത്രം. ഈ ജീവിവര്‍ഗത്തിന്‌ വംശനാശം നേരിട്ടതായി 1980-കളില്‍ കരുതിയെങ്കിലും, അവ ഇപ്പോഴും അവശേഷിക്കുന്നു. ഇറച്ചിക്കായി വേട്ടയാടപ്പെടുന്നതും, നഗരവികസനത്തിന്റെ ഭാഗമായി ആവാസവ്യവസ്ഥകള്‍ നശിപ്പിക്കപ്പെടുന്നതുമാണ്‌ ഇവയെ നാശത്തിന്റെ വക്കിലെത്തിച്ചത്‌.

4. സുമാത്രന്‍ കടുവ (Sumatran Tiger)
ഇന്‍ഡൊനീഷ്യയിലെ സുമാത്രയിലാണ്‌ കാണപ്പെടുന്നത്‌. അവശേഷിക്കുന്നത്‌ 600 സുമാത്രന്‍ കടുവകളില്‍ താഴെ മാത്രം. ഏതാണ്ട്‌ പത്തുലക്ഷം വര്‍ഷത്തിലേറെയായി സുമാത്രന്‍ കാടുകളില്‍ മാത്രം കഴിയുന്ന ഈ ചെറുകടുവകള്‍, ഇപ്പോള്‍ വംശനാശത്തിന്റെ വക്കിലാണ്‌. വനനാശമാണ്‌ ഇവയുടെ നിലനില്‍പ്പ്‌ അപകടത്തിലാക്കിയത്‌.

5. സുവര്‍ണ തലയന്‍ കുരങ്ങ്‌ (Golden-Headed Langur)
വിയറ്റ്‌നാമില്‍ കാണപ്പെടുന്ന ഈ ജീവികള്‍ ഇനി എഴുപതില്‍ താഴെ എണ്ണം മാത്രമാണ്‌ അവശേഷിക്കുന്നത്‌. 2000 മുതല്‍ ഇവയെ രക്ഷിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചെങ്കിലും, ഈ കുരങ്ങ്‌ വര്‍ഗം ഇനിയും അപകടനില തരണം ചെയ്‌തിട്ടില്ല. എന്നാല്‍, ഏറെക്കാലത്തിന്‌ ശേഷം 2003-ല്‍ ഇവയുടെ അംഗസംഖ്യ വര്‍ധിക്കുകയുണ്ടായി.

6. ബ്ലാക്ക്‌-ഫൂട്ടെഡ്‌ ഫെരെറ്റ്‌ (Black-Footed Ferrte)
വടക്കേയമേരിക്കന്‍ സമതലങ്ങളില്‍ കാണപ്പെടുന്ന ഒരിനം സസ്‌തനികളാണ്‌ ഇവ. അവശേഷിക്കുന്നത്‌ ആയിരത്തോളം മാത്രം. ലോകത്തേറ്റവുമധികം ഭീഷണി നേരിടുന്ന സസ്‌തനികളില്‍ ഒന്നാണ്‌ ഈ ഫെരെറ്റ്‌. 1986-ല്‍ ഇവയുടെ എണ്ണം 18 ആയി ചുരുങ്ങിയിരുന്നു. പിന്നീടാണ്‌ ഇപ്പോഴത്തെ നിലയിലേക്ക്‌ എത്തിയത്‌.

7. ബോര്‍ണിയയിലെ കുള്ളന്‍ ആന (Borneo Pygmy Elephant)
വടക്കന്‍ ബോര്‍ണിയോ കാടുകളില്‍ കാണപ്പെടുന്ന ഈ കുള്ളന്‍ ആനകള്‍ ഇനി അവശേഷിക്കുന്നത്‌ 1500 എണ്ണം മാത്രമാണ്‌. ഏഷ്യന്‍ ആനകളെക്കാളും ഏതാണ്ട്‌ അരമീറ്റര്‍ പൊക്കം കുറവാണ്‌ ഈ കുള്ളന്‍ ആനകള്‍ക്ക്‌. ഇവയുടെ ആവാസകേന്ദ്രങ്ങള്‍ എണ്ണപ്പന തോട്ടങ്ങളായി മാറുകയും ജനവാസം കൂടുകയും ചെയ്‌തതാണ്‌ ഇവയെ വംശനാശ ഭീഷണിയിലാക്കിയത്‌.

8. ഭീമന്‍ പാണ്ട (Giant Panda)
ചൈന, മ്യാന്‍മര്‍, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലായി ഇനി വെറും 2000 ഭീമന്‍ പാണ്ടകളേ അവശേഷിക്കുന്നുള്ളു. പാണ്ട വംശത്തിന്റെ അവസ്ഥ അപകടത്തിലാക്കിയത്‌, അവയുടെ ആവാസകേന്ദ്രങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടതാണ്‌. സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ബലത്തിലാണ്‌ ഇപ്പോള്‍ ഈ ജീവിവര്‍ഗത്തിന്റെ നിലനില്‍പ്പ്‌.

9. ധ്രുവകരടി (Polar Bear)
ആര്‍ട്ടിക്‌ മേഖലയില്‍ വ്യാപകമായി കാണപ്പെട്ടിരുന്ന ഈ ജീവി ആഗോളതാപനത്തിന്റെ ഇരയായി കടുത്ത ഭീഷണി നേരിടുകയാണ്‌. അംഗസംഖ്യ 25000 ആയി ചുരുങ്ങിയിരിക്കുന്നു. വികസനപ്രവര്‍ത്തനങ്ങളും വേട്ടയും ഇവയുടെ സംഖ്യ ചുരുങ്ങുന്നതില്‍ മുഖ്യകാരണമായി.

10. മെക്കോങിലെ ഭീമന്‍ മത്സ്യം (Mekong Giant Catfish)
തെക്കുകിഴക്കന്‍ ഏഷ്യയിലെ മെക്കോങ്‌ മേഖലയില്‍ കാണപ്പെടുന്ന ഈ ഭീമന്‍ മത്സ്യം ഇപ്പോള്‍ കടുത്ത വംശനാശ ഭീഷണിയിലാണ്‌. ഏതാനും നൂറ്‌ മത്സ്യങ്ങള്‍ മാത്രമാണ്‌ ഇപ്പോള്‍ അവശേഷിക്കുന്നത്‌. വ്യാപകമായി കൊന്നതാണ്‌ ഇവ ഭീഷണി
യാകാന്‍ കാരണം. തായ്‌ലന്‍ഡ്‌, ലാവോസ്‌, കമ്പോഡിയ തുടങ്ങിയ രാജ്യങ്ങളില്‍ ഇവ സംരക്ഷിത ജീവിയാണെങ്കിലും, ഇവയെ പിടിക്കുന്നത്‌ ഇപ്പോഴും തുടരുന്നു. ഇതുവരെ പിടികൂടിയിട്ടുള്ളതില്‍ ഏറ്റവും വലുതിന്‌ 293 കിലോഗ്രാം ഭാരമുണ്ടായിരുന്നു. (അവലംബം:IUCN, UNEP, TIME Magazine).

Saturday, July 04, 2009

പൊട്ടിയ നട്ടെല്ല്‌ കൂട്ടിയിണക്കി; ശസ്‌ത്രക്രിയാരംഗത്ത്‌ ചരിത്രം

പത്തുവയസ്സുകാരന്റെ പൊട്ടിയ നട്ടെല്ല്‌ കൂട്ടിയിണക്കി ശസ്‌ത്രക്രിയാരംഗത്ത്‌ ഇന്ത്യന്‍ ഡോക്ടര്‍മാര്‍ അത്ഭുതം സൃഷ്ടിച്ചു. ന്യുഡല്‍ഹിയില്‍ ഓള്‍ ഇന്ത്യാ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസി (എ.ഐ.ഐ.എം.എസ്‌)ന്‌ കീഴിലുള്ള ട്രോമ സെന്ററിലെ ഡോക്ടര്‍മാരാണ്‌ പത്തുവയസ്സുകാരന്റെ പൊട്ടിയ നട്ടെല്ല്‌ ശസ്‌ത്രക്രിയ വഴി ശരിയാക്കിയത്‌. ശസ്‌ത്രക്രിയകളുടെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഇത്തരമൊരു മുന്നേറ്റം സാധ്യമാകുന്നതെന്ന്‌ ഡോക്ടര്‍മാര്‍ അവകാശപ്പെട്ടു.

ഉത്തര്‍പ്രദേശിലെ ഫിറോസാബാദ്‌ സ്വദേശിയായ പ്രേംചന്ദ്‌ എന്ന കുട്ടിയാണ്‌ വീണ്ടും ജീവിതത്തിലേക്ക്‌ പ്രവേശിച്ചിരിക്കുന്നത്‌. വയലില്‍ കളിക്കുന്ന വേളയില്‍ വീണ പ്രേംചന്ദിന്റെ നട്ടെല്ല്‌ ഒരു ട്രാക്ടറിന്റെ ബ്ലേഡ്‌ തട്ടിയാണ്‌ രണ്ടായി പൊട്ടിയത്‌. കഴിഞ്ഞ സപ്‌തംബര്‍ നാലിന്‌ എ.ഐ.ഐ.എം.എസ്‌ ട്രോമ സെന്ററില്‍ പ്രവേശിച്ചയുടന്‍ ഡോക്ടര്‍മാര്‍ കുട്ടിയെ ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയമാക്കി. ഇപ്പോള്‍ ഒന്‍പത്‌ മാസമാകുന്നു. പ്രേംചന്ദിന്‌ സ്വന്തം കാലില്‍ പരസഹായമില്ലാതെ നടക്കാന്‍ കഴിയുന്നുണ്ട്‌.

ഗുരുതരമായ അവസ്ഥയിലായിരുന്നു കുട്ടിയെന്നും, എട്ടുമണിക്കൂര്‍ നീണ്ട ശസ്‌ത്രക്രിയ വേണ്ടിവന്നു ഡോക്ടര്‍മാര്‍ക്ക്‌ അവന്റെ നട്ടെല്ല്‌ കൂട്ടി യോജിപ്പിക്കാനെന്നും എ.ഐ.ഐ.എം.എസിലെ പീഡിയാക്‌ സര്‍ജന്‍ ഡോ.ഡി.ബി.ചൗധരി അറിയിച്ചു. മെഡിക്കല്‍ ചരിത്രത്തില്‍ ഇത്തരമൊരു ശസ്‌ത്രക്രിയാ വിജയം ആദ്യത്തേതാണെന്ന്‌ താന്‍ നടത്തിയ വിശദമായ ഗവേഷണത്തില്‍ വ്യക്തമായതായി, ട്രോമ സെന്റര്‍ മേധാവി ഡോ.എം.സി.മിശ്ര പറഞ്ഞു.

ശസ്‌ത്രക്രിയ കഴിഞ്ഞ്‌ ഒരു മാസം കഴിഞ്ഞപ്പോള്‍ തന്നെ പ്രേംചന്ദ്‌ സ്‌പര്‍ശനം പോലുള്ള ഇന്ദ്രിയഗോചരമായ സംഗതികളോട്‌ പ്രതികരിക്കാന്‍ തുടങ്ങി. ഇപ്പോള്‍ അല്‍പ്പവും സഹായമില്ലാതെ അവന്‌ നടക്കാനാകുന്നുണ്ട്‌. ഫിസിയോതെറാപ്പി തുടരുകയാണ്‌. "അവന്‍ വേഗം പൂര്‍ണ സുഖം പ്രാപിക്കുമെന്നാണ്‌ പ്രതീക്ഷ"-ശസ്‌ത്രക്രിയയില്‍ പങ്കെടുത്തവരില്‍ ഒരാളായ ഡോ. ദീപക്‌ ഗുപ്‌ത വാര്‍ത്താലേഖകരോട്‌ പറഞ്ഞു. അണുബാധയുടെ ഒരു ഭീഷണിയും ഇപ്പോഴില്ലെന്നും അദ്ദേഹം അറിയിച്ചു.
(കടപ്പാട്‌: IANS).